മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം രമേശ് പവാറിനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ കോച്ചായി നിലവിലെ കോച്ച് ഡബ്ല്യൂ വി. രാമൻ അടക്കം 35 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ എട്ട് പേരെയാണ് അഭിമുഖത്തിനായി ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തെരഞ്ഞെടുത്തത്.
സുലക്ഷണ നായ്ക്, മദൻ ലാൽ, ആർ.പി. സിംഗ് എന്നിവരടങ്ങുന്ന കമ്മിറ്റി പവാറിനെ തെരഞ്ഞെടുത്തത്. 2018ലെ ട്വൻറി-20 ലോകകപ്പിലെ ഇന്ത്യയുടെ സെമിയിലെ തോൽവിക്ക് ശേഷം രമേശ് പവാറിൻ്റെ സ്ഥാനം തെറിക്കുകയായിരുന്നു. സീനിയർ താരം മിതാലി രാജുമായുണ്ടായ പരസ്യ തർക്കത്തെ തുടർന്നാണ് പവാറിന് സ്ഥാനമൊഴിയേണ്ടി വന്നത്. അന്ന് അഞ്ച് മാസം മാത്രമാണ് പവാർ പരിശീലക സ്ഥാനത്തണ്ടായിരുന്നത്. പവാറിന് പകരമാണ് രാമൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
ഇന്ത്യയെ തുടർച്ചയായ 14 ട്വൻറി-20 വിജയത്തിലേക്കും 2018 ട്വൻറി-20 ലോകകപ്പ് സെമിയിലേക്കും നയിച്ചത് രമേശിൻ്റെ പരിശീലന കാലത്താണെന്ന് ബിസിസിഐ മീഡിയ റിലീസിൽ പറഞ്ഞു. ഇത്തവണ വിജയ് ഹസാരെ ട്രോഫി നേടിയ മുംബൈയുടെ പരിശീലകനും പവാറായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും രമേശ് കളിച്ചിട്ടുണ്ട്.