ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ വകുപ്പ്. ഹമാസ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നും തകർച്ച ഉറപ്പാക്കും വരെ വ്യോമാക്രമണം തുടരുമെന്നും ഇസ്രേലി പ്രധാ ‘നമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അറബ് പൗരന്മാർ പ്രതിഷേധം വ്യാപിപ്പിച്ചാൽ ആവശ്യമെങ്കിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്ന് വിദേശകാര്യ വക്താവ് ലിയോർ ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് തീവ്രവാദികൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വയം പ്രതിരോധത്തിനുളള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൗരൻമാരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോർ ഹെയ്യാത് വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോർ ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നിൽ.
ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതൽ 1050 റോക്കറ്റുകളും മോർട്ടാർ ഷെല്ലുകളും ഇസ്രായേലിനെ
ലക്ഷ്യമിട്ട് എത്തിയതായി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹമാസ് തീവ്രവാദികളുടെ ഗാസി സിറ്റി കമാൻഡർ ബാസീം ഈസയെ ഇസ്രയേൽ വധിച്ചു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ഇസ്രയേൽ സൈന്യം ബോംബിടുകയായിരുന്നു. ഈസ അടക്കം ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്