ന്യൂഡെൽഹി : ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ എംബസി വ്യക്തമാക്കി. ഇസ്രായേൽ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീൻ ആണ് ഇക്കാര്യം അറിയിച്ചത് . ‘ കുടുംബത്തെ ഇസ്രയേലി അധികൃതർ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും’- ക്ലീൻ വ്യക്തമാക്കി.
വെള്ളിയാഴ്ചയോ, ശനിയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തിൽ ഡെൽഹിയിൽ എത്തിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവർ കൂട്ടിച്ചേർത്തു. പാലസ്തീനുമായുള്ള സംഘർഷത്തിനിടയിൽ ഇസ്രയേലിൽ പൗരൻമാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ വേർതിരിവുണ്ടാകില്ലെന്നും ക്ലീൻ വാർത്താ ഏജൻസിയയോട് പറഞ്ഞു.
അതേസമയം സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകാം. വെള്ളിയാഴ്ച രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡെൽഹിയിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സംസാരിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനിടെയാണ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കെലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.