കോട്ടയം: പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. 63 വയസായിരുന്നു. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളുടെ സൃഷ്ടാവാണ് ഡെന്നീസ് ജോസഫ്.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.
1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി,സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍,കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമകളായിരുന്നു ഡെന്നീസിന്റേത്. ഇവയ്ക്കോപ്പം അമ്പതോളം ചിത്രങ്ങള്‍ക്കാണ് ഡെന്നീസ് തിരക്കഥ തീര്‍ത്തത്.
തിരക്കാഥാകൃത്ത് സംവിധായകന്‍ എന്നതിന് പുറമെ ജേര്‍ണലിസറ്റിലായും ശോഭിച്ച വ്യക്തിയായിരുന്നു ഡെന്നീസ് ജോസഫ്. കട്ട് കട്ട് എന്ന മാസികയില്‍ സബ് എഡിറ്ററായട്ടായിരുന്നു ഡെന്നിസിന്റെ് ഔദ്യോഗക ജീവിതം ആരംഭിച്ചത്. 1985 ല്‍ തന്നെ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായും സുമലത, ഉര്‍വ്വശി , ലിസി തുടങ്ങിയവര്‍ വേഷമിട്ട നിറക്കൂട്ടും ഡെന്നീസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങി.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കി.
അക്കാലഘട്ടങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെതുമായി പുറത്തിറങ്ങിയ മിക്ക ബോക്‌സ് ഓഫീസ് ഹിറ്റുകളും ഡെന്നീസിന്റേതായിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ തമ്പി കണ്ണന്താനത്തിന്റെ സിനിമ രാജാവിന്റെ മകന്‍ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. വിന്‍സെന്റ് ഗോമാസ് എന്ന ക്രൈം ബോസായി പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ സിനിമാപ്രേമികളെ വിജയകരമായി വിസ്മയിപ്പിക്കുകയും സിനിമ അദ്ദേഹത്തിന്റെ താരനിര ഉയര്‍ത്തുകയും ചെയ്തു.
അതുപോലെ, രണ്ട് ഡസനോളം വലിയ ഫ്‌ളോപ്പുകള്‍ക്ക് ശേഷം, 1986-87 കാലഘട്ടത്തില്‍ ഡെന്നീസ് ജോസഫ് തിരക്കഥ നിര്‍വ്വഹിച്ച ന്യൂഡല്‍ഹിലൂടെയാണ് മമ്മൂട്ടി തന്റെ കരിയറിലെ രണ്ടാം വരവ് നടത്തിയത്.ജോഷിയായിരുന്നു ഇതിന്റെ സംവിധാനം.
മലയാളത്തിലെ മെഗാഹിറ്റുകളുടെ സൃഷ്ടാവായ ഡെന്നീസ് എണ്‍പതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും സിനിമയില്‍ സജീവമായിരുന്നു. ഈ വര്‍ഷങ്ങളില്‍ സംവിധായകന്‍ ജോഷിയുടെതായി പിറവിയെടുത്ത മിക്ക സിനിമകളുടേയും തിരക്കഥകളും ഡെന്നീസ് ജോസഫിന്റേതായിരുന്നു. ജോഷിയുമായി ചേര്‍ന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് നല്‍കി.
മനു അങ്കിളിന് പുറമെ അഗ്രജന്‍, തുടര്‍ക്കഥ, അ്പ്പു, അഥര്‍വ്വം എന്നീ സിനിമകള്‍ക്കും ഡെന്നീസ് ജോസഫ് സംവിധാനം നിര്‍വ്വഹിച്ചു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രമാണ് മനു അങ്കിള്‍.
1957 ഒക്ടോബര്‍ 20 ന് ഏറ്റുമാനൂരില്‍ എം എന്‍ ജോസഫിന്റേയും ഏലിയാമ്മ ജോസഫിന്റേയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. ഭാര്യ : ലീന. മക്കള്‍ എലിസബത്ത്, റോസി, ജോസ്.