കേന്ദ്രപ്പാറ: കൊറോണ വ്യാപനത്തിൻ്റെ ഭീതി പരത്തുന്ന സംഭവങ്ങൾക്കിടെ ഒഡീഷയിൽ നിന്ന് കൗതുകകരമായ വാർത്ത. ഇവിടെ ബീച്ചിൽ 13 ദിവസത്തിനുള്ളിൽ വിരിഞ്ഞിറങ്ങിയത് 1.48 കോടി ആമക്കുഞ്ഞുങ്ങൾ. അതും വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി ഇനത്തിൽപ്പെട്ട ആമക്കുഞ്ഞുങ്ങൾ.
കേന്ദ്രപ്പാറ ജില്ലയിൽപ്പെട്ട ഗഹിർമാത ബീച്ചിലാണ് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. കേരളത്തിൽ കൊല്ലം ജില്ലയിലെ പൊഴിക്കരയിലും ഈ അടുത്ത് ഒലിവ് റിഡ്ലിയിൽപെട്ട ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു.
ഗഹിർമാത ബീച്ചിൽ 2.98 ലക്ഷം കൂടുകളിൽ നിന്ന് ഏപ്രിൽ 25 മുതലാണ് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാൻ തുടങ്ങിയത്. വ്യാഴാഴചയോടെയാണ് മുഴുവനും വിരിഞ്ഞിറങ്ങിയതെന്ന് ഫോറസ്റ്റ് ഡിവിഷനൽ ഓഫീസർ ബികാഷ് രഞ്ജൻ ദാസ് പറഞ്ഞു.
ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട ആമകളുടെ ഏറ്റവും വലിയ പ്രജനന സ്ഥലമായി ഗഹിർമാത ബീച്ച് മാറിയെന്ന് ഡിവിഷനൽ ഓഫീസർ പറഞ്ഞു. 3.49 ലക്ഷം ആമകളാണിക്കുറി തീരത്ത് കൂടുകെട്ടാനും മുട്ടയിടാനുമായെത്തിയത്.
കടൽഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകൾ മുട്ടയിടുക. ഓരേ ആമയും 100 മുതൽ 120 വരെ മുട്ടകൾ ഇടും.45 മുതൽ 60 ദിവസം കൊണ്ടാണ് ഇവ വിരിയുക. പൂർണവളർച്ചയെത്തിയാൽ ഒലീവ് റിഡ്‌ലി ആമകൾക്ക് 55 മുതൽ 60 കിലോ വരെ ഭാരം ഉണ്ടാകും.