ന്യൂഡെൽഹി: രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ കൊറോണ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ അധികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും മഹാരാഷ്ട്രയിലും ഡെൽഹിയിലും വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. മുംബൈയിൽ വ്യാപനം പിടിച്ച് നിർത്താനാകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വരും ദിവസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് വിദഗ്ധർ. മേയ് മധ്യത്തോടെ രോഗവ്യാപനം പാരമ്യത്തിലെത്തിയേക്കുമെന്നാണ് സംഘത്തിന്റെ അനുമാനം. വരുന്ന ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരിക്കുമെന്ന് ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെടുന്നു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊറോണ വ്യാപനം മൂർധന്യത്തിലെത്തുമെന്ന് ഹൈദരബാദ് ഐ.ഐ.ടിയിലെ അധ്യാപകനായ മാതുകുമല്ലി വിദ്യാസാഗർ പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം ജൂൺ അവസാനത്തോടെ പ്രതിദിന കേസുകൾ 20,000 ആയി കുറയുമെന്നും വിദ്യാസാഗർ പറയുന്നു.