മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ സിനിമ പ്രവർത്തകർക്ക് സഹായഹസ്തവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. സാങ്കേതിക പ്രവർത്തകർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ, സ്റ്റണ്ട് ആർട്ടിസ്റ്റുകൾ, ലൈറ്റ്ബോയിമാർ തുടങ്ങി 25,000 പേർക്കാണ് സൽമാൻ സഹായധനം നൽകുന്നത്. ആദ്യഗഡുവായി 1,500 രൂപ വീതമാണ് നൽകുകയെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡൻറ് ബി.എൻ. തിവാരി പറഞ്ഞു.
‘അർഹതപ്പെട്ടവരുടെ പട്ടികയും അക്കൗണ്ട് നമ്പരും സൽമാൻ ഖാന് കൈമാറിയിട്ടുണ്ട്. ഉടൻ പണം നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്’- ബി.എൻ. തിവാരി വ്യക്തമാക്കി. ഇതുകൂടാതെ സിനിമയിൽ ജോലി ചെയ്യുന്ന അർഹരായ 35,000 മുതിർന്ന പൗരന്മാർക്ക് 5000 രൂപ വീതം നൽകാൻ യഷ്രാജ് ഫിലിംസുമായി തത്വത്തിൽ ധാരണയായതായി അദ്ദേഹം പറഞ്ഞു.
നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷൻ വിതരണം ചെയ്യാമെന്നും യഷ്രാജ് ഫിലിംസ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജോലിയില്ലാതെ വിഷമിക്കുന്ന സിനിമ പ്രവർത്തകർക്ക് 3,000 രൂപ വീതം സൽമാൻ ഖാൻ നൽകിയിരുന്നു.
അടുത്തിടെ, ശിവസേനയുടെ യൂത്ത് വിങുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള 5000 കൊറോണ മുന്നണി പോരാളികൾക്ക് ഭക്ഷണമെത്തിക്കാനും സൽമാൻ ഖാൻ രംഗത്തെത്തിയിരുന്നു.