ന്യൂഡെൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് പോലിസിൽ പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ വ്യാജ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി.
കഴിഞ്ഞ ശനിയാഴ്ചയാണ് എൻ വി രമണ ഇന്ത്യയുടെ 48 ആം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ട്വിറ്റർ ഉൾപ്പെടെ യാതൊരു സമൂഹമാധ്യമ അക്കൗണ്ടും ചീഫ് ജസ്റ്റിസിനില്ല. പരാതിയുടെ അടിസ്ഥാനത്തിൽ @NVRamanna എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് സസ്പെന്റ് ചെയ്യുകയും ചെയ്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് ഇന്ത്യയ്ക്കു കൊറോണ വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങൾ നൽകാൻ യുഎസ് തീരുമാനിച്ചു എന്നായിരുന്നു വ്യാജ അക്കൗണ്ടിലെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.