ബോള് കൊണ്ടും ബാറ്റുകൊണ്ടും ബാംഗ്ലൂരിനെ പതം വരുത്തി ജഡേജ;സീസണിലെ ആദ്യ തോല്‍വി അറിഞ്ഞ് ബാംഗ്ലൂര്‍; ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്നാമത്

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 69 റണ്‍സ് ജയം. ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ചെന്നൈക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സീസണില്‍ ബാംഗ്ലൂരിന്റെ ആദ്യ തോല്‍വിയാണിത്.

രവീന്ദ്ര ജഡേജയുടെ അവസാന ഓവര്‍ വെടിക്കെട്ടില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ദേവ്ദത്ത് പടിക്കല്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്ന് ഓവറില്‍ നിന്ന് ടീം സ്‌കോര്‍ 40ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എട്ട് റണ്‍സുമായി സാം കറന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ബാംഗ്ലൂരിന്റെ വീഴ്ച ആരംഭിച്ചു. അഞ്ചാം ഓവറില്‍ 15 പന്തില്‍ 34 റണ്‍സുമായി നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ദേവദത്തിനെ റെയ്‌നയുടെ കൈകളില്‍ എത്തിച്ച താക്കൂര്‍ മത്സരം ചെന്നൈക്ക് അനുകൂലമാക്കി. 4 ഫോറുകളും രണ്ടു സിക്‌സറുകളും അടങ്ങിയതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്സ്.

പിന്നീട് വന്ന മാക്സ്വെല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 15 പന്തില്‍ 22 റണ്‍സുമായി നില്‍ക്കെ ജഡേജ കുറ്റി തെറിപ്പിച്ചു. അടുത്ത പ്രതീക്ഷയായിരുന്ന ഡി വില്ലിയേഴ്‌സിന്റെയും കുറ്റി ജഡേജ എടുത്തു. നാല് റണ്‍സ് മാത്രമായി ഡിവില്ലിയേഴ്‌സും മടങ്ങി. പിന്നീട് വന്നവരില്‍ കൈല്‍ ജാമിസണ്‍ (16) സിറാജ് (12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂര്‍ നിരയിലെ മറ്റുള്ളവര്‍ എല്ലാം ഒറ്റ അക്ക റണ്‍സില്‍ പുറത്തായി.

ചെന്നൈക്കായി രവീന്ദ്ര ജഡേജ 4 ഓവറുകളില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ നാലോവര്‍ എറിഞ്ഞ ഇമ്രാന്‍ താഹിര്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും, 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ശാര്‍ദൂല്‍ താക്കൂര്‍ ഒരു വിക്കറ്റും, സാം കറണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് വേണ്ടി അവസാന ഓവറില്‍ രവീന്ദ്ര ജഡേജ വെടിക്കെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 37 റണ്‍സാണ് ഹര്‍ഷാല്‍ പട്ടേലിന്റെ അവസാന ഓവറില്‍ ജഡേജ അടിച്ചു കൂട്ടിയത്. ഇതോടെ ഐപിഎല്ലില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്രിസ് ഗെയ്ലിനൊപ്പമെത്തി ജഡേജ. 2011ല്‍ കൊച്ചി ടസ്‌കേഴ്സ് കേരളക്ക് എതിരെ ആയിരുന്നു ക്രിസ് ഗെയ്ലിന്റെ നേട്ടം.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു തോല്‍വിയുമായി ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒരേ പോയിന്റുകളാണെങ്കിലും റണ്‍ റേറ്റിലെ വ്യത്യാസത്തില്‍ ബാംഗ്ലൂര്‍ രണ്ടാമതായി.