തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തൃശൂർ പൂരം വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിൽ രണ്ടു പേർ മരിച്ചതിന് പിന്നാലെയാണ് തീരുമാനം. പൂരത്തിന് നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി.
തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനാണ് തീരുമാനം.
പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്.
വെള്ളിയാഴ്ച രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് ആൽമരം വീണത്. പഞ്ചവാദ്യം നടക്കുമ്പോഴാണ് അപകടം. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഒന്നര മണിക്കൂർ കൊണ്ട് ഫയർഫോഴ്സ് ആൽമരം മുറിച്ച് മാറ്റി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്