കൊറോണ കേസുകളിലെ വർധന; ഡെൽഹിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി; ചന്തകൾ, മാളുകൾ, സ്‌പാ, ജിമ്മുകൾ അടഞ്ഞുകിടക്കും

ന്യൂഡെൽഹി: കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് കർഫ്യു.
ഏപ്രിൽ 17മുതൽ കർഫ്യു നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. രോഗവ്യാപന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്. ഗവർണർ അനിൽ ബൈജാളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാരാന്ത്യ കർഫ്യു ഏർപ്പെടുത്താനുള്ള തീരുമാനം.

നിരോധനാ‌ജ്ഞ നിലവിലുള‌ളപ്പോൾ അവശ്യ സർവീസുകളെ മാത്രമേ അനുവദിക്കൂ. അന്തർസംസ്ഥാന സർവീസുകളും നടത്താം. ചന്തകൾ, മാളുകൾ, സ്‌പാ, ജിമ്മുകൾ,എന്നിവ അടഞ്ഞുകിടക്കും. ഓഡി‌റ്റോറിയങ്ങളും അടയ്‌ക്കും. എന്നാൽ സിനിമാ തീയേ‌റ്ററുകളിൽ ആകെ സീ‌റ്റുകളുടെ 30 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിക്കും.

സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മരുന്നുകൾ പൂഴ്‌ത്തിവയ്‌ക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൂടുതൽ കൊറോണ കെയർ സെന്ററുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൊറോണ കേസുകൾ കുറഞ്ഞില്ലെങ്കിൽ വാരാന്ത്യ കർഫ്യൂ നീട്ടിയേക്കും.

കൊറോണ പ്രതിരോധ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ നടപ്പാക്കേണ്ട തീരുമാനങ്ങൾ അറിയിക്കുമെന്നാണ് സൂചന.