കേരളത്തിൽ രണ്ടാംഘട്ട കൊറോണ വ്യാപനം അതിവേഗത്തിൽ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കൊച്ചി: കേരളത്തിൽ രണ്ടാംഘട്ട കൊറോണ വ്യാപനം ആദ്യഘട്ടത്തെക്കാൾ അതിവേഗത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാര്‍ഗങ്ങള്‍ പൂര്‍ണമായും കൈവിട്ടതോടെ രണ്ടുമാസത്തിനകം ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്ന കൊറോണ കണക്കുകള്‍ കുതിച്ചുയര്‍ന്നേക്കാമെന്നാണ് നിഗമനം. രോഗവ്യാപനം കണക്കിലെടുത്ത് 45 നു മുകളില്‍ പ്രായമുളളവര്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകി.

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായതോടെ പലയിടത്തും സുരക്ഷ ക്രമീകരണങ്ങൾ താറുമാറയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 30000 ല്‍ നിന്ന് 60000 ലേയ്ക്ക് കൊറോണ പ്രതിദിന വര്‍ധനയെത്താന്‍ 23 ദിവസം എടുത്തെങ്കില്‍ ഇപ്പോള്‍ രണ്ടാം വരവില്‍ 10 ദിവസമേ വേണ്ടി വന്നുളളു. കൊറോണ വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു.

വ്യാപന ശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്സീനെടുത്തിട്ടുളളു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വന്നുപോയത്. അതിനര്‍ത്ഥം മൂന്നരക്കോടി ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും കൂടിയാണ്.