മംഗളൂരു: കമ്പളയോട്ടത്തിൽ സ്വന്തം റിക്കാർഡ് തിരുത്തി ഇന്ത്യൻ ബോൾട്ട് എന്ന് അറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ. 125 മീറ്റർ നീളമുള്ള ട്രാക്ക് 11.21 സെക്കൻഡിൽ പിന്നിട്ടാണ് ശ്രീനിവാസ ഗൗഡ റിക്കാർഡ് തിരുത്തിയത്.
മംഗളൂരു ബല്‍ത്തങ്ങാടിയില്‍ നടന്ന മത്സരത്തിലാണ് ശ്രീനിവാസ ഗൗഡയുടെ നേട്ടം. ട്രാക്കിൽ അദ്ദേഹം 100 മീറ്റർ പിന്നിടാന്‍ 8.96 സെക്കന്‍ഡ് മാത്രമാണെടുത്തതെന്നും സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷവും ശ്രീനിവാസ ഗൗഡയുടെ റിക്കാർഡ് രാജ്യാന്തര തലത്തിൽ ചർച്ചയായിരുന്നു. അദ്ദേഹത്തിന് സായി എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അദ്ദേഹത്തെ പരിശീലനത്തിനായി വിളിച്ചപ്പോൾ താൻ കമ്പള മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു ശ്രീനിവാസ ഗൗഡ പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന്റെ റിക്കാർഡ് മറികടക്കുന്നതായിരുന്നു ശ്രീനിവാസ ഗൗഡയുടെ പ്രകടനം.