ഇസ്ലാമബാദ്: ഇന്ത്യക്കു പിന്നാലെ പാകിസ്ഥാനും ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക്ക് നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനിടെ അമേരിക്കയിലും ആസ്ട്രേലിയയിലും നിരോധന ഭീഷണിയുയരുകയും സുരക്ഷാ ഭീഷണയുയർത്തുന്ന ആപ്പുകളുടെ ലിസ്റ്റിൽ പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാകിസ്താനിലും ടിക്ടോക്കിന് ഭീഷണി ഉയരുന്നത്.
പെഷവാർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാകിസ്ഥാൻ ടിക്ടോകിനെ നിരോധിക്കാനൊരുങ്ങുന്നതായി രാജ്യത്തെ ടെലികോം അതോറിറ്റിയുടെ (പിടിഎ) വക്താവ് ഖുറം മെഹ്റാൻ റോയിറ്റേഴ്സിനോട് പറഞ്ഞു. ടിക്ടോക് സഭ്യമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ്.
അതേസമയം ഫേസ്ബുക്കും വാട്സ്ആപ്പും കഴിഞ്ഞാൽ പാകിസ്താനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ടിക്ടോക്ക് ‘കോടതി പി.ടി.എയോട് ടിക്ടോക് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതർ ഉത്തരവ് പാലിച്ചേക്കുമെന്നും മെഹ്റാൻ വ്യക്തമാക്കി. അതേസമയം, ‘കോടതി ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും കമ്ബനി അതുമായി ബന്ധപ്പെട്ട വിശദീകരണം യഥാസമയം നൽകുമെന്നും പാകിസ്ഥാനിലെ ടിക്ക് ടോക്കിൻ്റെ പ്രതിനിധി അറിയിച്ചു.