തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്. ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ മാറ്റി വെക്കാൻ അനുമതി തേടി
അപേക്ഷ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
പരീക്ഷ അടുത്തിട്ടും തീയതിയുടെ കാര്യത്തിൽ അവസാന സമയത്ത് വന്ന അനിശ്ചിതത്വം വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മാത്രം അവശേഷിക്കുമ്പോഴും പരീക്ഷ നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാനാകാത്തത് സർക്കാരിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്.
പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പർ തരംതിരിക്കൽ ബി.ആർ.സി തലത്തിൽ നടക്കുന്നുണ്ട്. എസ്.എസ്.എൽ.സിയുടേത് വെള്ളി, ശനി ദിവസങ്ങളിൽ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ (ഡി.ഇ.ഒ) സ്റ്റോറേജ് സെൻററുകളിൽ നടക്കും.