ചെന്നൈ: വി കെ ശശികല ചെന്നൈയിൽ എത്തിയതിന് പിന്നാലെ തമിഴ്നാട് സർക്കാരിൻ്റെ വക നടപടികൾ തുടങ്ങി. ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബിനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ വാങ്ങിയിരുന്നത്.
ഇളവരിശിയുടേയും സുധാകരന്റെയും ഉടമസ്ഥതയിൽ മെഡോ അഗ്രോ ഫാമുകൾ, സിഗ്നോറ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കടലാസ് കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകള്‍. ദിവസങ്ങൾക്ക് മുന്നെ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
അതേസമയം ബെംഗ്ലൂരുവിൽ നിന്ന് 21 മണിക്കൂർ നീണ്ട യാത്രയ്ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. എംജിആർ വസതിയിലാണ് ശശികല ആദ്യമെത്തിയത്. എംജിആറിന്റെ വസതി സന്ദർശിച്ച ശശികല അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരം അണിയിച്ച് പ്രാർത്ഥിച്ച് ശേഷമാണ് ശശികല മടങ്ങിയത്.
പ്രവർത്തകരെ എല്ലാം ഉടൻ നേരിട്ടുകാണുമെന്ന് ശശികല പ്രതികരിച്ചു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുള്ള റാലി തൽക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.