റെയിൽവേ ട്രാക്കിൽ പരിശോധനയ്ക്ക്​ ഇറങ്ങിയ ജീവനക്കാരിക്ക്​ ട്രെയിൻഎൻജിൻ തട്ടി ഗുരുതര പരിക്ക്; കാൽ മുറിച്ചുമാറ്റി

കൊച്ചി: ട്രെയിൻ വരുന്നതിന്​ മുമ്പ് ട്രാക്കിൽ പതിവ്​ പരിശോധനയ്ക്ക്​ ഇറങ്ങിയ ജീവനക്കാരിക്ക്​ മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. എറണാകുളം ജങ്​ഷൻ റെയിൽവേ സ്​റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരി കോട്ടയം വെള്ളൂർ വടകര ജിസ്​ ഭവനിൽ ജിസി​ൻ്റെ ഭാര്യ എൻകെ ധന്യയ്ക്കാണ്​ (35) പരിക്കേറ്റത്​. ഇവരുടെ ഇടതുകാലും വലതുകാലി​ൻ്റെ രണ്ട്​ വിരലും മുറിച്ചുമാറ്റി. ശനിയാഴ്​ച പുലർച്ച 4.25നാണ്​ സംഭവം.

ബാംഗ്ലൂർ-കൊച്ചുവേളി എക്​സ്​പ്രസ്​ എറണാകുളം ജങ്​ഷനിൽ​ എത്തുന്നതിനുമുമ്പ്​ ​ട്രാക്കിൽ റോളിങ്​ പരിശോധനക്ക്​ ഇറങ്ങിയതാണ്​ ധന്യ. ഒന്നാം പ്ലാറ്റ്​ഫോമിലേക്കാണ്​ ട്രെയിൻ വന്നത്​. റോളിങ്​ ഷെഡിൽ ഇരുന്ന ഇവർ റോളിങ്​ നോക്കാൻ​ ഒന്നാം പ്ലാറ്റ്​ഫോമിലേക്ക്​ പോകു​മ്പോൾ അപ്രതീക്ഷിതമായി ഒന്നാം പ്ലാറ്റ്​ഫോമിലൂടെ വന്ന ട്രെയിൻ എൻജിനാണ്​ ഇടിച്ചത്​.

എതിർഭാഗത്തുനിന്ന്​ വന്ന എൻജിൻ കാണാൻ പറ്റിയില്ലെന്ന്​ ധന്യയുടെ സഹപ്രവർത്തകർ പറഞ്ഞു. അഞ്ച്​ മിനിറ്റിനുശേഷം സഹപ്രവർത്തകർ എത്തു​മ്പോൾ ട്രാക്കിൽ പരിക്കേറ്റ്​ കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവർ.

രണ്ടുപേർ ആദ്യം റോളിങ്​ ഷെഡിൽനിന്ന്​ ട്രെയിൻ നോക്കാൻ ഒന്നാം പ്ലാറ്റ്​ഫോമിലേക്ക്​ പോയിരുന്നു. ഇവരുടെ പിന്നാലെയാണ്​ ധന്യയും നീങ്ങിയത്​. വീണുകിടന്ന ഇവരെ 10 മിനിറ്റിനകം എറണാകുളം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ എത്തിച്ചു.

ഒന്നര വർഷമായി എറണാകുളത്ത്​ ജോലി നോക്കുകയാണ്​ ധന്യ. കെഎസ്​എഫ്​ഇ കലക്​ഷൻ ഏജൻറാണ്​ ധന്യയുടെ ഭർത്താവ്​ ജിസ്​. രണ്ട്​ മക്കളുണ്ട്​.