കൊച്ചിയില്‍ 1200 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ; ദുബായ് രാജകുടുംബാംഗത്തിൻ്റെ പദ്ധതി

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ബ്രിക്‌സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് 1200 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കും. മൂന്നര ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ബ്രിക്‌സ്റ്റണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും ദുബായ് രാജകുടുംബാംഗവുമായ ഷെയ്ക്ക് ജുമ ബിന്‍ സായിദ് അല്‍ മക്തും പറഞ്ഞു.

ബ്രിക്‌സ് സ്മാര്‍ട്ട് മാള്‍, ബ്രിക്‌സ് ബിസിനസ് സെന്റര്‍, ബ്രിക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍, ബ്രിക്‌സ് സ്മാര്‍ട്ട് വെയര്‍ ഹൗസ്, ബ്രിക്‌സ് അക്കാദമി എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ വരുന്നത്. 30 ഏക്കറോളം സ്ഥലത്ത് 20 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മാണം. രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

അഞ്ച് പ്രധാന സെക്ടറുകളും 14 ബിസിനസ് വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമാണെന്നും ബ്രിക്‌സ്റ്റണ്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ സിറാജ് എം.പി പറഞ്ഞു. ബ്രിക്‌സ് സ്മാര്‍ട്ട് മാളിലെ മുന്നൂറോളം ഔട്ട്‌ലെറ്റുകളിലൂടെ ഒരു ലക്ഷത്തില്‍ പരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ ഹോം ഫര്‍ണിഷിംഗ് സെന്റര്‍ സജ്ജമാക്കും. സ്മാര്‍ട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ബ്രിക്‌സ് ടെക്‌നോളജി ഹബ്ബ്, ബ്രിക്‌സ് ബിസിനസ് സെന്റര്‍, ബ്രിക്‌സ് കോ വര്‍ക്കേഴ്‌സ് ഹബ്ബ്, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍,ബ്രിക്‌സ് സ്മാര്‍ട്ട് വെയര്‍ ഹൗസ്, ബ്രിക്‌സ് സെന്‍ട്രല്‍ പാര്‍ക്ക് എന്നിവയാണ് പദ്ധതിയിലെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.