വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാകുന്നു

കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാക്കാന്നൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. ബഷീറിന്‍റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്നാണ് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചത്. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോൾ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കിൽ കുറിച്ചു.

പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കും.

ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്. കലാ സംവിധാനം- ജ്യോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം-സമീറ സനീഷ്. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.

1964 ൽ പുറത്തിറങ്ങിയ ഭാർഗവിനിലയം എന്ന ചിത്രം ബഷീറിന്റെ ഇതേ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. മധു, വിജയ നിർമല, പ്രേംനസീർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകൻ ഏ.വിൻസെന്‍റാണ് ഭാർഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്‍റിന്‍റെ ആദ്യചിത്രമായിരുന്നു അത്.