കോഴിക്കോട്: മുസ്ലീം ലീഗിൽ യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്ന് സൂചന. യുഡിഎഫിൽ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗ് സമയം കളയാതെ സീറ്റ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. രണ്ടു ദിവസംകൊണ്ടു തന്നെ പാര്‍ട്ടികള്‍ക്ക് വിട്ടു നല്‍കുന്ന സീറ്റുകള്‍ അടക്കം പ്രധാന വിഷയങ്ങളിലെല്ലാം ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.
ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോവാതെ അതിവേഗം ധാരണയിലാവുന്നതിന് പിന്നാലെ പാര്‍ട്ടിക്കുളളിലെ ചര്‍ച്ചകള്‍ ആരംഭിക്കാനുളള ഒരുക്കത്തിലാണ് മുസ്ലിം ലീഗ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പളളി രാമചന്ദ്രനും ഒപ്പം ആശോക് ഗെലോട്ടും താരിഖ് അന്‍വറും കെ.സി. വേണുഗോപാലുമടക്കമുളള എഐസിസി പ്രതിനിധികളുടെ സാന്നിധ്യവുമുളളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
വിജയസാധ്യത നോക്കിയും സമവായങ്ങളുടെ ഭാഗമായും ചില മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറുന്നതും ആലോചനയിലുണ്ട്. മുന്നണി സ്ഥാനാര്‍ഥിയുടെ വിജയമെന്ന പൊതുവികാരത്തില്‍ ഊന്നിയാവും ചര്‍ച്ചകളെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമൊപ്പം നിയമസഭയില്‍ അനുഭസമ്പത്തുളള മുതിര്‍ന്നവരെ കൂടി ഉള്‍പ്പെടുത്തിയുളള സ്ഥാനാര്‍ഥി പട്ടികയാണ് ലീഗ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ചക്ക് പിന്നാലെയുളള ദിവസങ്ങളില്‍ മുസ്ലിം സീറ്റ്, സ്ഥാനാര്‍ഥി നിര്‍ണയമടക്കമുളള ചര്‍ച്ചകളിലേക്ക് കടക്കും.