ഹൈദരാബാദ്: രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ് സെറ്റിലെ എട്ട് പേർക്ക് കൊറോണ. തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചു. ഹൈദരാബാദിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. രജനീകാന്തിനൊപ്പം നയൻതാരയും കീർത്തി സുരേഷും അണ്ണാത്തെയിൽ വേഷമിടുന്നുണ്ട്. ഡിസംബർ 15നാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. ഏകദേശം 40 ശതമാനം ഷൂട്ടിങ് ഇനിയും ബാക്കിയുണ്ട്.
രജനീകാന്തിന് കൊറോണ പരിശോധന നടത്തിയെന്നും നെഗറ്റീവാണ് ഫലമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ അദ്ദേഹം ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ ക്വാറന്റീനിൽ തുടരുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ജനുവരി ഒന്നിന് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. ഷൂട്ടിങ് ജനുവരി 15ന് മുമ്പ് തീർത്ത് രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു രജനീകാന്തിന്റെ പദ്ധതി.