മുളന്തുരുത്തി: മലങ്കര സഭാതർക്കത്തിൽ പീഡനമേൽക്കുന്നത് യാക്കോക്കാബായ സഭക്കും,സഭാ വിശ്വാസികൾക്കും മാത്രമാണെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.
തർക്കമുള്ള സ്ഥലങ്ങളിലെല്ലാം വിശ്വാസികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിൽ യാക്കോബായ സഭാംഗങ്ങൾക്ക് മാത്രമാണ് പരിക്കേറ്റത്.സുപ്രീം കോടതി വിധിയുടെ മറവിൽ യാക്കോബായ സഭയുടെ നിരവധി ദേവാലയങ്ങൾ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്തു.
യാക്കോബായ സഭ പണിതുയർത്തിയ ദേവാലയങ്ങൾ മറുവിഭാഗം കൈയ്യടക്കിയത് തികച്ചും അനീതിയാണ്.
യാക്കോബായ സഭക്ക് നീതി പീഠത്തിൽ നിന്നും നിരന്തരം അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും മോർ ഗ്രീഗോറിയോസ് പറഞ്ഞു.മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിന് മുന്നിൽ നടന്ന സഹനസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വന്ന അനുരഞ്ജന ചർച്ചകളിൽ നിന്നും ഓർത്തഡോക്സ് സഭയാണ് പിൻമാറിയത്.
ചർച്ച നടക്കുമ്പോൾ പള്ളികൾ പിടിച്ചെടുക്കുന്നത് അധാർമികമാണെന്ന് അവർക്ക് തന്നെ അറിയാം. മറുവിഭാഗത്തിന്റെ ബോധപൂർവ്വമായ പിൻമാറ്റത്തിന് ഓർത്തഡോക്സ് വിശ്വാസികൾ പോലും എതിരാണ്. സമാധാനം ആഗ്രഹിക്കുന്നവരല്ല ഓർത്തഡോക്സ് വിഭാഗമെന്ന് പൊതുസമൂഹത്തിനും മനസിലാക്കാൻ ഇത് വഴി സാധിച്ചു.
സഭയിൽ ശാശ്വത സമാധാനം ലഭിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതു വരെ സഹനസമരവുമായി മുന്നോട്ട് പോകുമെന്നും ജോസഫ് മോർ ഗ്രീഗോറിയോസ് പറഞ്ഞു.
കൊറോണ പ്രോട്ടോകോൾ പാലിച്ചു നടന്ന സമരത്തിൽ വൈദീകരും വിശ്വാസികളും പങ്കെടുത്തു.
അതേസമയം സമാധാനചര്‍ച്ചകള്‍ തുടരുന്നത് തങ്ങളുടെ പള്ളി കയ്യേറ്റത്തിന് തടസമാണെന്ന ചിന്തയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി ഓര്‍ത്തഡോക്‌സ് വിഭാഗം പരസ്യപ്രസ്താവന നടത്തുകയും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയും ചെയ്തെന്ന് യാക്കോബായ സഭ മീഡിയാസെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മുളന്തുരുത്തി, മുടവൂര്‍, വള്ളിക്കോട് കോട്ടയം, നീലംപേരൂര്‍ തുടങ്ങിയ പള്ളികളില്‍ പ്രശ്‌നമുണ്ടാക്കി കലാപങ്ങള്‍ സൃഷ്ടിക്കുന്നത് ഓര്‍ത്തഡോക്‌സ് വിഭാഗം ആണ്. യഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഓര്‍ത്തഡോക്‌സ് നേതൃത്വം.
മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും അതിര്‍വരമ്പുകളെല്ലാം ലംഘിച്ച് യാക്കോബായ സഭയെ ഇല്ലായ്മ ചെയ്യുന്ന നടപടികളുമായി ഓര്‍ത്തഡോക്‌സ് വിഭാഗം മുന്നോട്ടുപോയപ്പോഴാണ് അവരുമായുള്ള കൗദാശിക ബന്ധം ഉപേക്ഷിക്കാന്‍ യാക്കോബായ സഭ നിര്‍ബന്ധിതായായത്. ക്രിസ്തീയ മനോഭാവത്തോടെ ഓര്‍ത്തഡോക്‌സ് സഭ പ്രവര്‍ത്തിച്ചാല്‍ സഹകരണത്തിന്റെ വാതിലുകള്‍ ഇനിയും തുറക്കപ്പെടാമെന്നും തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.