ദുബൈ: നട്ടെല്ലിന് കണ്ടെത്തിയ ഗുരുതര തകരാറുകള്‍ പരിഹരിക്കുന്നതിന് 25 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന് നടത്തിയ അപൂര്‍വ ശസ്ത്രക്രിയ വിജയകരം. ഗർഭസ്ഥ ശിശുവിന് അപൂര്‍വശസ്ത്രക്രിയ നടത്തിയ ലത്തീഫ ആശുപത്രിയിലെ മെഡിക്കല്‍ ടീമിന് മുക്തകണ്ഠം പ്രശംസയുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്തരമൊരു പ്രചോദനാത്മക മാതൃക കാട്ടിയ ടീമിനെ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്.
ആരോഗ്യമുള്ള കുട്ടിയെ സ്വാഗതം ചെയ്യാന്‍ തയാറെടുക്കുന്ന എമിറാത്തി കുടുംബത്തിന് ഈ പ്രചോദനാത്മക ടീം പ്രതീക്ഷയും ആശ്വാസവും നല്‍കിയതില്‍ ഏറെ അഭിമാനിക്കുന്നതായും ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
‘ഞങ്ങളുടെ വിദഗ്ധരായ എമിറാത്തി മെഡിക്കല്‍ സംഘത്തിെന്‍റ കഴിവിലും ആത്മാര്‍ഥതയിലും അഭിമാനമുണ്ട്. ആരോഗ്യ സേവനങ്ങളില്‍ ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ് നിങ്ങള്‍.
എല്ലാ മെഡിക്കല്‍, നഴ്സിങ് സ്റ്റാഫുകളെയും വളരെയധികം വിലമതിക്കുന്നു. നിങ്ങളുടെ അശ്രാന്ത പരിശ്രമത്തിന് നന്ദി. ഞങ്ങളുടെ സമൂഹത്തിെന്‍റ ആരോഗ്യവും സന്തോഷവും നിങ്ങളുടെ കൈകളിലാണ്’-ആഹ്ലാദം മറച്ചുവെക്കാതെ ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഗര്‍ഭപിണ്ഡ ശസ്ത്രക്രിയയില്‍ 700 ഗ്രാം ഗര്‍ഭപിണ്ഡത്തിെന്‍റ തകരാറാണ് പരിഹരിച്ചത്.
25 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥശിശുവില്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞിൻ്റെ ബുദ്ധിപരമായ പ്രവര്‍ത്തനം, അവയവങ്ങളുടെ പ്രവര്‍ത്തനം, വൈകല്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരമാണ് യാഥാര്‍ഥ്യമാക്കിയത്. വിദഗ്ധ പരിശോധനയിലൂടെ കുഞ്ഞിന് സുഷുമ്‌നാ നാഡി വൈകല്യമുണ്ടെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തുകയായിരുന്നു.
നടത്തം, ചലനാത്മകത, മലവിസര്‍ജനം, മൂത്രസഞ്ചി എന്നിവയുടെ പ്രവര്‍ത്തനം, മുറിവുകള്‍ ഉണക്കല്‍, തലച്ചോറില്‍ ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവയുള്‍പ്പെടെ നിരവധി ശാരീരിക വൈകല്യങ്ങള്‍ക്ക് ഇതു കാരണമാകുമെന്ന് വിലയിരുത്തിയ സംഘം അപൂര്‍വ ശസ്ത്രക്രിയക്ക് ഒരുങ്ങുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) കഴിയുന്ന മാതാവും ഗര്‍ഭസ്ഥശിശുവും സുഖം പ്രാപിച്ചുകഴിഞ്ഞു.എങ്കിലും സമ്ബൂര്‍ണ നിരീക്ഷണത്തില്‍തന്നെയാണ് ഇപ്പോഴും. പ്രസവാനന്തരം, കുട്ടിയെ ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം പിന്തുടരുമെന്നും സംഘം വ്യക്തമാക്കി.