മുംബൈ: തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ലക്ഷ്മിവിലാസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളുമായി ആർബിഐ. പ്രതിമാസം 25,000 രൂപ മാത്രമേ ഒരു അക്കൗണ്ട് ഉടമക്ക് ബാങ്കിൽ നിന്ന് പിൻവലിക്കാനാവു. ചികിൽസ, വിദ്യാഭ്യാസം, വിവാഹം എന്നീ അവസരങ്ങളിൽ മാത്രമേ 25,000 രൂപയിൽ കൂടുതൽ ബാങ്കിൽ നിന്ന് പിൻവലിക്കാനാവു.
ബാങ്കിന് ആർബിഐ ഒരു മാസത്തെ മൊറട്ടോറിയവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓഹരി ഉടമകൾ ഏഴ് ഡയറക്ടർമാരേയും വോട്ടിങ്ങിലൂടെ പുറത്താക്കിയതിനെ തുടർന്ന് ബാങ്കിൻെറ ഭരണത്തിനായി മീത്താ മഖാൻെറ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ ആർബിഐ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണവും വരുന്നത്.
സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ ലക്ഷ്മിവിലാസ് ബാങ്കിൻെറ നഷ്ടം 396.99 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 357.17 കോടിയായിരുന്നു ബാങ്കിൻെറ നഷ്ടം. ലക്ഷ്മിവിലാസ് ബാങ്കിൻെറ കിട്ടാകടം 24.45 ശതമാനമാണ്.
കഴിഞ്ഞ വർഷം പിഎംസി ബാങ്കിലും യെസ് ബാങ്കിലും സമാന സാഹചര്യമുണ്ടായിരുന്നു. ലക്ഷ്മിവിലാസ് ബാങ്കിൻെറ ഓഹരികൾ ഒരു ശതമാനം നഷ്ടത്തോടെ 15.50 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.