കോഴിക്കോട്: വൈറസിനെ തുരത്താൻ അൾട്രാവയലറ്റ് അണുനശീകരണ ടവർ സംവിധാനവുമായി മലയാളി യുവാക്കൾ. മുറിയിൽ ഘടിപ്പിക്കുന്ന അൾട്രാവയലറ്റ് ടവറുകൾ ഉപയോഗിച്ചാണ് ഈ അണുനശീകരണം. ടവറുകളിൽ നിന്ന് പുറപ്പെടുന്ന ടൈപ്പ് സി അൾട്രാവയലറ്റ് രശ്മികളാണ് പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളേയും കൊറോണ വൈറസ് ഉൾപ്പടെയുള്ളവയേയും നശിപ്പിക്കുന്നത്. വനോറ റോബോട്ട്സ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തിൽ അണുനശീകരണം നടത്തുന്ന ടവർ നിർമ്മിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണൻ നമ്പ്യാർ, കോഴിക്കോട് സ്വദേശികളായ അർജുൻ നമ്പ്യാർ, ചോലപ്പുറത്ത് രോഹിത് എന്നിവരാണ് ഈ ടവറിന് പിന്നിൽ. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്. വനോറ റോബോട്ട്സ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി അണുനശീകരണം നടത്തുന്ന റോബോട്ടുകളെയാണ് ആദ്യം ഉണ്ടാക്കിയിരുന്നത്. മൂന്ന് ലക്ഷം രൂപ വിലവരുന്നത് കൊണ്ട് തന്നെ വലിയ കമ്പനികൾക്കും ആശുപത്രികൾക്കും മാത്രമേ ഈ റോബോട്ടിൻ്റെ സേവനം ഉപയോഗപ്പെടുത്താനാകുമായിരുന്നുള്ളൂ.
കൊറോണക്കാലത്ത് ഭാരിച്ച തുക മുടക്കാനില്ലാത്തവർ വിഷമിക്കേണ്ട. വീടുകളിലെത്തി അണുനശീകരണം നടത്താനായി ഈ കമ്പനി അൾട്രാവയലറ്റ് ടവർ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. ചുരുങ്ങിയ ചെലവിൽ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം സാധ്യമാകും എന്നതാണ് അൾട്രാവയലറ്റ് ടവറുകളുടെ പ്രത്യേകത.