തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തി; ദിലീപിന്റെ മകളുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ്

കൊച്ചി: ഓൺലൈൻ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ എഫ്.ഐ.ആർ ഇട്ട് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒക്ടോബർ 28–നാണ് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിച്ചതെങ്കിലും നേരിട്ട് കേസെടുക്കാൻ കഴിയാത്ത കുറ്റകൃത്യമായതിനാൽ അവർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കേസെടുക്കാമെന്ന കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറയുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാർത്തകൾ ചമച്ചതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.

വ്യാജവാർത്തകൾ ദിലീപിനെയും മകളെയും അപകീർത്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. നാല് ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.