ലണ്ടൻ: അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സർ ഷോൺ കോണറി (90) അന്തരിച്ചു. ബഹമാസിൽ ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.
ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോൺ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീൻ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ.
ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്കർ, ബാഫ്ത. ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ചു.
ജെയിംസ് ബോണ്ട് വേഷങ്ങളിൽനിന്ന് പിന്മാറിയ ശേഷം ദി അൺടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡിൽ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടർന്നു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി ദ റോക്ക് എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ തീവ്രതയോടെ സ്ക്രീനിൽ നിറഞ്ഞുനിന്നു.
ലോർഡ് ഓഫ് ദ റിങ്സ്, മാട്രിക്സ് തുടങ്ങിയവ കോണറി വേണ്ടെന്നുവെച്ച സിനിമകളും ബോക്സോഫിസിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ഒട്ടേറെ ആനിമേഷൻ സിനിമകളിടെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി സിനിമാപ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി.