കൊച്ചി: അന്വേഷണ ഏജൻസികളെ ശിവശങ്കർ ബോധപൂർവം വഴി തെറ്റിക്കാൻ ശ്രമിച്ചതായി കസ്റ്റംസിന് ബോധ്യമായി. ശിവശങ്കർ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കസ്റ്റംസായിരുന്നു ശിവശങ്കറിന്റെ ഫോൺരേഖകളും മറ്റും പിടിച്ചെടുത്തത്.
സി-ഡാക്കിലേക്ക് ഇത് പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ രേഖകൾ പരിശോധിച്ച് സി-ഡാക്കിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചത് രണ്ടാഴ്ചമുൻപായിരുന്നു. ഇതോടെയാണ് ശിവശങ്കർ എന്ന ഉദ്യോഗസ്ഥൻ്റെ സ്വർണക്കടത്തിലെ പങ്ക് വ്യക്തമായത്.
ഡിജിറ്റൽ രേഖകൾ ഡീ കോഡ് ചെയ്ത് കിട്ടാനുണ്ടായ കാലതാമസം എം ശിവശങ്കറിന്റെ അറസ്റ്റ് നീണ്ടുപോകാൻ കാരണമായി. ഇത് പരിശോധിച്ചതോടെ കസ്റ്റംസിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. ശിവശങ്കർ സഹകരിക്കുന്നില്ലെന്ന കാര്യം കസ്റ്റംസിന് മനസിലായി. തുടർന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിലപാടിലേക്ക് സംഘം എത്തുന്നതും അതോടെയാണ്.
ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒക്ടോബർ 16-ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് വീട്ടിലേക്ക് എത്തിയത്. അറസ്റ്റിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായതോടെയാണ് ശിവശങ്കറിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഫോൺ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ശിവശങ്കറും അന്നുതന്നെ മനസ്സിലാക്കിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് കേസിലും മുൻകൂർ ജാമ്യഹർജി നൽകുന്നത്.
ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം കൊണ്ടുവരാൻ കഴിയുമെങ്കിൽ ഇത്തരത്തിൽ ആയുധവും എത്തിക്കാം എന്ന നിലയിലാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ വിവരം നൽകിയിരിക്കുന്നത്.