ലണ്ടൻ: ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍. ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.
N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും മാത്രമല്ല മൈക്രോഫോണും മാസ്ക്ഫോണില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
മാസ്ക്ഫോണ്‍ വഴി പാട്ട് കേള്‍ക്കാനും ഫോണ്‍ വിളിക്കാനും സാധിക്കും. ഇന്‍ബില്‍റ്റ് മൈക്രോഫോണ്‍ വ്യക്തതയുള്ള സംഭാഷണം ഫോണ്‍ കോളില്‍ ഉറപ്പിക്കും. ഫോണ്‍ കോള്‍ എടുക്കാനും ശബ്ദം ക്രമീകരിക്കാനും മാസ്കില്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്. ബില്‍റ്റ്-ഇന്‍ വയര്‍ലെസ്സ് ഇയര്‍ബഡ്‌സ് ആണ് മാസ്ക്ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല വോയിസ് പ്രൊജക്ഷനും ഉള്‍പെടുത്തിയിട്ടുണ്ട്. നേര്‍ക്കുനേര്‍ ഒരാള്‍ വന്നു സംസാരിക്കുമ്പോഴും വ്യക്തതയ്ക്കായി മാസ്ക് മാറ്റേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.
ഊരിമാറ്റി വൃത്തിയാക്കാവുന്ന ഫില്‍റ്റര്‍ ആണ് മാസ്ക്ഫോണില്‍. മാത്രമല്ല അലക്സാ, സിരി, ഗൂഗിള്‍ അസിസ്റ്റ് എന്നുവയുമായി വോയിസ് അസിസ്റ്റും മാസ്ക്ഫോണ്‍ വഴി ഉപയോഗപ്പെടുത്താം. ഒരു ഫുള്‍ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ മാസ്ക്ഫോണ്‍ തുടര്‍ച്ചായി ഉപയോഗിക്കാം. 49 ഡോളര്‍ ആണ് മാസ്ക്ഫോണിൻ്റെ വില. ഏകദേശം 3,600 രൂപ.