കൊല്ലം: ഉത്ര വധകേസിൽ മുഖ്യ പ്രതി സൂരജിന് എതിരായ കുറ്റപത്രം സമർപ്പിച്ചു. പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. ഇയാൾക്കെതിരെ ആയിരം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പണം തട്ടാനായി ക്രൂരമായ കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്.
ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ തീരുമാനം വൈകിയതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. രണ്ടു തവണ ഉത്രയെ പമ്പിനേക്കൊണ്ട് കൊത്തിപ്പിക്കാൻ നോക്കിയിട്ടുണ്ട് എന്നും ഇൗ രണ്ടു തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നുമുള്ള കുറ്റങ്ങൾ സൂരജിന് എതിരെ ഉണ്ട്.
കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നി കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസിനെ സഹായിച്ച വിദഗ്ദ സമിതി അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് സാക്ഷിപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തകാരന്‍ സുരേഷിനെ നേരത്തെ മാപ്പുസാക്ഷി ആക്കിയിരുന്നു. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. അതേസമയം സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.
കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാക്രൈം ബ്രാഞ്ച് സംഘം 83 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് ഏഴിനാണ് മരിച്ചത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് അന്വേഷണം സൂരജിലേക്ക് നീട്ടിയത്.