വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു ; സെപ്റ്റംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായി

ന്യൂഡെൽഹി: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കും. രാജ്യത്തെ സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ തുറക്കാനാണ് പദ്ധതി. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ തുറക്കില്ല. പ്രായം കുറഞ്ഞ കുട്ടികൾ സ്കൂളിൽ എത്തിയാൽ കൊറോണ പ്രതിരോധ നടപടികൾ പൂർണതോതിൽ നടപ്പാക്കാൻ സാധിക്കില്ല എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

സെപ്റ്റംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. അതേസമയം കൊറോണ വ്യാപന സാധ്യതകൾ കൂടി കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.

ആദ്യ പതിനഞ്ച് ദിവസം സ്കൂളുകളിലെ 10,11,12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും.

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടങ്ങുന്ന സമിതി ചർച്ച ചെയ്തു.

കൊറോണയ്ക്ക് ശേഷം വിദ്യാലയങ്ങൾ വിജയകരമായി തുറന്ന് പ്രവർത്തിപ്പിച്ച സ്വിറ്റ്സർലാൻഡ് മാതൃകയാകും ഇന്ത്യയിലും അനുവർത്തിക്കുക. സ്കൂളിൽ ഓരോ തലത്തിലും നാല് ഡിവിഷനുകൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകൾ.

ക്ലാസുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കും. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാൻ ഇടയുള്ളു. മോർണിങ് അസംബ്ലി, സ്പോർട്സ് പീരീഡ്, കായിക മത്സരങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ അനുവദിച്ചേക്കില്ല. സ്കൂളുകളിൽ ഷിഫ്റ്റ് ഏർപ്പെടുത്തും. രാവിലെ 8 മുതൽ 11 വരെയും, 12 മുതൽ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂർ സ്കൂൾ സാനിറ്റൈസ് ചെയ്യാൻ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരിൽ 33 ശതമാനം മാത്രമാകും ഒരു സമയം സ്കൂളിൽ അനുവദിക്കുക.

കൊറോണ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാണ് കേരളം മുന്നോട്ട് വച്ചിരുന്ന ആവശ്യം. ഈ ആവശ്യങ്ങൾ എല്ലാം കണക്കിലെടുത്ത് ആണ് അൺലോക് 4 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.