ന്യൂഡെൽഹി: നടന്‍ സുശാന്ത് സിങ്ങ് രജ്പുതിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ബീഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തനിക്കെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്ത് അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്.
സുശാന്തിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാട്‍ന പൊലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം മുംബൈയിൽ എത്തുകയും ചെയ്തിരുന്നു. അതേ സമയം കേസ് സിബിഐക്ക് വിടാനുള്ള ബിഹാർ സർക്കാരിന്‍റെ ശുപാർശയിൽ രാഷ്ട്രീയ വിവാദവും പുകയുകയാണ്.
ബിഹാർ സർക്കാരിന്‍റെ നടപടി മഹാരാഷ്ട്ര സർക്കാരിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് എൻസിപിയും കോൺഗ്രസും ആരോപിച്ചു. സുശാന്തിന്‍റെ മരണത്തെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ടൂറിസം പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പ്രസ്താവനയിറക്കി.
സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളിൽ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിയയുടെ ചാർട്ടേട് അക്കൗണ്ടന്റിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.