മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിനു ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമുണ്ടായിരുന്നതായി മുംബൈ പോലീസ് മേധാവി പരംബിര്‍ സിംഗ്. രോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നതായും മരുന്നുകള്‍ കഴിച്ചിരുന്നതായും പരംഭിര്‍ സിംഗ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.
തന്റെ പേരും ജൂണ്‍ 9 ന് ആത്മഹത്യ ചെയ്ത സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാനെ കുറിച്ചും മാനസിക രോഗത്തെക്കുറിച്ചും മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ സുശാന്ത് നിരവധി തവണ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കലീന ലാബില്‍ അദ്ദേഹത്തിന്റെ മോബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നതായി സുശാന്ത് അറിഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമെന്നു സുശാന്ത് ഭയപ്പെട്ടിരുന്നതായും ഇതാകാം ഇക്കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാന്‍ കാരണം എന്നുമാണ് പോലീസ് കരുതുന്നത്. അന്വേഷണത്തില്‍ ഒരു രാഷ്ട്രീയക്കാരനും ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിനെതിരെയും ഇതുവരെയും തെളിവുകള്‍ ലഭിച്ചിട്ടില്ല.
ചലചിത്ര മേഖലയിലെ കടുത്ത ശത്രുതയും സംഘര്‍ഷവുമാണ് സുശാന്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണം അന്വേഷിച്ചു വരികയാണ്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. എല്ലാ പണക്കൈമാറ്റത്തെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജി.എസ്.ടിക്കു വേണ്ടി 2.8 കോടി നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ 40 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.