അറ്റാഷെയുടെ ഫ്ലാറ്റില്‍ എന്‍ഐഎ പരിശോധന നടത്തി; സ്വപ്നയും സരിത്തും നിരവധി തവണ ഫ്ലാറ്റിലെത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ താമസിച്ചിരുന്ന ഫ്ലാറ്റില്‍ എന്‍ഐഎ സംഘം പ്രാഥമിക പരിശോധന നടത്തി. ഏഴംഗ എന്‍ഐഎ സംഘമാണ് അറ്റാഷെയുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. അറ്റാഷെ സഞ്ചരിച്ചിരുന്ന വാഹനത്തിലും ഫ്ലാറ്റില്‍ വിവിധ ഭാഗങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്. മുറി പൂട്ടിയിരിക്കുന്നതിനാല്‍ അകത്തേക്കു പ്രവേശിക്കാനായില്ലെന്നാണ് വിവരം.

സുരക്ഷാ ജീവനക്കാരില്‍ നിന്നും മറ്റുമുള്ള മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുക്കാല്‍ മണിക്കുറോളമാണ് പരിശോധന നീണ്ടു നിന്നത്. പാറ്റൂരിലെ ഫ്ലാറ്റില്‍ അറ്റാഷെ ഉള്‍പ്പെടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ നാലു യുഎഇ പൗരന്മാരാണ് താമസിച്ചിരുന്നത്. സ്വര്‍ണക്കടത്തുമായി അറ്റാഷെക്കു ബന്ധമുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

സ്വപ്നയും സരിത്തും നിരവധി തവണ ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അറ്റാഷെ നടത്തിയ ആഘോഷ പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു എന്നും വിവരം ലഭിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റാഷെ യുഎഇയിലേക്കു കടന്നത്. അറ്റാഷെയുടെ ഗണ്‍മാനില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.