മാസ്ക് ധരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങൾ: മാസ്ക് ധരിക്കാൻ ഉത്തരവിടില്ലെന്ന് ട്രംപ്

വാഷിം​ഗ്ടൺ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ലെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എല്ലാവരും മാസ്ക് ധരിച്ചതുകൊണ്ട് എല്ലാം ശരിയാകുമെന്ന പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു. ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്രംപിന്‍റെ പ്രതികരണം. ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടിറി ആശുപത്രി സന്ദർശിച്ചപ്പോഴാണ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.

നേരത്തെ വിദഗ്ധരെല്ലാം മാസ്ക് ധരിക്കേണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് എല്ലാവരും ധരിക്കണമെന്ന് പറയുന്നു. മാസ്ക് നല്ലതാണ്. അതുപോലെ തന്നെ ചില പ്രശ്നങ്ങളുമുണ്ടെന്നാണ് ട്രംപിന്‍റെ പ്രതികരണം. പൊതുസ്ഥലത്ത് എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നായിരുന്നു ഫൗസിയുടെ നിര്‍ദേശം. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകും. അതുകൊണ്ടുതന്നെ മാസ്ക് ധരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാസ്ക് ധരിക്കാന്‍ മടിക്കുന്നതിനാലാണ് രാജ്യം തുറക്കാന്‍ വൈകുന്നത്. ജനങ്ങള്‍ എത്രവേഗം മാസ്കിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നോ അത്രയും നല്ലതെന്നും ഫൌസി വ്യക്തമാക്കി.