കാൺപൂർ: കാൺപൂരിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടതും വികാസ് ദുബെയുടെ ഇടപാടുകളെക്കുറിച്ചും അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കും. ഇതിൽ ദുബെ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷണ പരിധിയിൽ വരുമോ എന്നതിനെ കുറിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ഇതിനകം ദുബെയുടെ രണ്ടു കൂട്ടാളികൾ പിടിയിലായിരുന്നു. യുപി അഡി.ചീഫ് സെക്രട്ടറി സഞ്ജയ് ബി റെഡ്ഡി അധ്യക്ഷനായ സംഘത്തിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഉണ്ട്.
പോലീസുകാരുമായുള്ള ഏറ്റുമുട്ടൽ, വികാസ് ദുബേയുടെ ഗുണ്ടാ പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ , രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കും. ഇൗ മാസം 31 നു കേസിൽ റിപ്പോർട്ട് സമർപ്പിക്കും. ഏറ്റുമുട്ടലുകളിൽ പ്രതികൾ കൊല്ലപ്പെട്ടാൽ മജിസ്‌റ്റീരിയൽ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദേശ പ്രകാരം ഇൗ സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തും. മഹാരാഷ്ട്രയിലെ താനെയിൽ ഒളിവിലായിരുന്നു ദുബൈയുടെ സഹായി ഗുദ്ദൻ ത്രിവേദിയെയും ഡ്രൈവറെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്.