ന്യൂഡെല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ടു ഡെല്‍ഹി പോലീസ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഡൽഹി തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും ഗര്‍ഭിണിയായതു കൊണ്ടുമാത്രം സഫൂറയ്ക്കു ജാമ്യം നല്‍കരുതെന്നുമാണ് ഡെല്‍ഹി പോലീസ് ആവശ്യപ്പെട്ടത്.
ഡെല്‍ഹി ഹൈക്കോടതിയിലാണ് പൊലീസ് നിലവിലെ റിപ്പോർട്ട് സമർപ്പിച്ചത്. അവർ ഗർഭിണിയാണെന്നത് അവർ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലിൽ അവർക്ക് നൽകുമെന്നും ഡെല്‍ഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി പൊലീസ് വ്യക്തമാക്കി.
ഗര്‍ഭിണികളെ അറസ്റ്റ് ചെയ്തു തടങ്കലില്‍ വയ്ക്കുക മാത്രമല്ല, ജയിലുകളില്‍ പ്രസവിക്കുന്നതിനു മതിയായ സൗകര്യങ്ങളുണ്ടെന്നും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിയമത്തില്‍ ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്പെഷല്‍ സെല്‍ ഡിസിപി പി.എസ്. കുശ്വാഹ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഗര്‍ഭിണിയായ തടവുകാര്‍ക്കു പ്രത്യേക ഇളവൊന്നുമില്ല. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ല. ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ടെന്നും പോലീസ് വാദിക്കുന്നു.
പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയതിന്റെ പേരിലാണ് സഫൂറ അറസ്റ്റിലായത്. ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്.