ചാക്കുമായി ബിജെപി ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും

ജയ്പൂർ: ബിജെപി ചാക്കിട്ടു പിടിച്ചേക്കുമെന്ന ഭയത്തിൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം തുടങ്ങി. മധ്യപ്രദേശിലേത് പോലെ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തുറന്നടിച്ചു. പണവും പദവികളും വാഗ്ദാനം ചെയ്ത ബിജെപിയുടെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച എംഎൽഎമാരെ ഓർത്ത് അഭിമാനമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞെങ്കിലും, ഇന്നലെ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന അഞ്ച് എംഎൽഎമാരെ ഓർത്ത് കോൺഗ്രസിന്‍റെ നെഞ്ചിടിപ്പേറുകയാണ്. സർക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ സ്വതന്ത്രരെയും റിസോർട്ടിലേക്ക് ഇന്നലെത്തന്നെ മാറ്റിയിരുന്നു.

എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ജയ്‍പൂരിലേക്ക് വലിയ രീതിയിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നാണ് അശോക് ഗെലോട്ട് ആരോപിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വലിച്ച് താഴെയിടാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ചീഫ് വിപ്പ് ഇന്നലെത്തന്നെ ആരോപിച്ചിരുന്നു. പണം വാരിയെറിഞ്ഞ് എംഎൽഎമാരെ ‘വാങ്ങിക്കാൻ’ ശ്രമം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് കത്ത് നൽകി.

റിസോർട്ടിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ നേരിട്ടെത്തി എംഎൽഎമാരെ എല്ലാവരെയും കണ്ടു. റിസോർട്ടിൽ അടിയന്തരയോഗം ചേരുകയും ചെയ്തു. ജൂൺ 19-നാണ് സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ട്.

നിലവിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന 12 സ്വതന്ത്രരുടെ പിന്തുണയാണ് രാജസ്ഥാനിലെ സർക്കാരിന്‍റെ ഏറ്റവും വലിയ കരുത്ത്. സ്വതന്ത്രരെ വലിച്ച് മറുചേരിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനൊപ്പം കോൺഗ്രസിലെ തന്നെ അംഗങ്ങളും സ്വന്തം ചേരി വിടാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പാർട്ടിയെ അങ്കലാപ്പിലാക്കുന്നത്.

അഴിമതിയിലൂടെയും പണത്തിന്‍റെ അധികാരത്തിലൂടെയും ‘ചില ശക്തികൾ’ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും വലിച്ച് താഴെയിടാനും ശ്രമിക്കുകയാണെന്നും, ഇത് തടയണമെന്നുമാണ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകിയ കത്തിന്‍റെ രത്നച്ചുരുക്കം. എന്നാൽ ഈ ‘ശക്തികൾ’ ആരാണെന്ന്, കത്തിൽ പരാമർശമില്ല എന്നതും ശ്രദ്ധേയം.

”കർണാടകയെയും മധ്യപ്രദേശിനെയും പോലെ, ഇവിടെയുള്ള സർക്കാരിനെയും താഴെയിറക്കാനും തകർക്കാനും ചില ശക്തികൾ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ വേണം”, എന്നാണ് കത്തിലെ പരാമർശം. പരാതി ലഭിച്ചിട്ടുണ്ടെന്നും, വേണ്ട നടപടി സ്വീകരിക്കുമെന്നും എസിബി ഡയറക്ടർ ജനറൽ അലോക് ത്രിപാഠിയും പ്രതികരിച്ചു