ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി രണ്ടുപേരെയും കോണ്‍ഗ്രസ് ഒരാളെയും ജയിപ്പിച്ചതിനുശേഷം ബാക്കിവരുന്ന വോട്ടുകള്‍ ദേവഗൗഡയ്ക്ക് നല്‍കുമെന്നാണ് സൂചന.
മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി രണ്ട് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അശോക് ഗാസ്തിയും എറന്ന കടാഡിയുമാണ് സ്ഥാനാര്‍ഥികള്‍
ഒരംഗത്തെ രാജ്യസഭയിലേക്ക് വിജയിപ്പിക്കണമെങ്കില്‍ 44 എംഎല്‍എമാരുടെ പിന്തുണ വേണം. ജെഡിഎസിന് 34 എംഎല്‍എമാരാണുള്ളത്. പുറത്തുനിന്ന് പത്തുപേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് 64 അംഗങ്ങളുണ്ട്. മല്ലികാര്‍ജുനയെ വിജയിപ്പിച്ചശേഷം 20 വോട്ടുകള്‍ ബാക്കിവരും. ബിജെപിക്ക് 117 പേരുടെ പിന്തുണയുണ്ട്. രണ്ടുപേരെ വിജയിപ്പിച്ചശേഷം ബിജെപിക്കും വോട്ടുകള്‍ ബാക്കിവരും. സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടിഭിന്നത മറന്ന് ഗൗഡയെ പിന്തുണയ്ക്കുമെന്നാണ് ജെഡിഎസിന്റെ കണക്കുക്കൂട്ടല്‍.