മാധ്യമ പ്രവർത്തകരെ വേണ്ട; മൈക്രോസോഫ്റ്റ് എഐ റോബോട്ട് ജേണലിസ്റ്റുകളെ രംഗത്തിറക്കുന്നു

റെഡ്മണ്ട്: വിവരസാങ്കേതികവിദ്യാകമ്പനിയും ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയുമായ മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിലെ മാധ്യമ പ്രവർത്തകരായ ജീവനക്കാർക്ക് പകരം
റോബോട്ടുകളെ ഉപയോഗിച്ച് റോബോട്ട് ജേണലിസം നടപ്പാക്കാൻ തീരുമാനിച്ചു.

മൈക്രോസോഫ്റ്റ് വാർത്താ സൈറ്റിനു വേണ്ടി വാർത്തകൾ ഉണ്ടാക്കി അവയ്ക്ക് തലക്കെട്ട് നൽകുകയും ചിത്രങ്ങൾ കണ്ടെത്തുകയും നിലവിൽ ചെയ്യുന്നത് ജേണലിസ്റ്റുകൾ ആണ്. എന്നാൽ മൈക്രോസോഫ്റ്റിന്റെ ഈ പുതിയ തീരുമാനത്തിൽ 50 ഓളം കരാർ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. അതേസമയം സ്ഥിരം ജോലിക്കാരായ മാധ്യമ പ്രവർത്തകർ തുടരുമെന്നുമാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാ കമ്പനികളെയും പോലെ പതിവായി ബിസിനസ് വിലയിരുത്തുന്നതിന്റെ ഭാഗമാണിത്. ഇത് ചില സ്ഥലങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കാലാകാലങ്ങളിൽ മറ്റുള്ളവയിൽ വീണ്ടും ജോലി നൽകാനും ഇടയാക്കും എന്നാണ് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നത്. അതേസമയം കൊറോണ വൈറസ് പ്രതിസന്ധിയുടെ ഫലമല്ല ഈ തീരുമാനങ്ങൾക്ക് കാരണമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി റോബോട്ട് ജേണലിസം എന്ന് വിളിക്കപ്പെടുന്ന രൂപങ്ങൾ പരീക്ഷിക്കുന്ന നിരവധി ടെക് കമ്പനികളിൽ ഒന്നാണ് മൈക്രോസോഫ്റ്റ്. ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ പല പ്രോജക്റ്റുകളിലും ഗൂഗിളും നിക്ഷേപം നടത്തുന്നുണ്ട്.