സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമായി ഉയർത്തി

ന്യൂഡെൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് ഉയർത്തിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘനാളുകളായി ആവശ്യപ്പെടുന്നതാണ് കടമെടുപ്പ് പരിധി കൂട്ടുകയെന്നത്.
സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നു. ഇതുവഴി ലഭിക്കുന്ന പണം കൊറോണ ഘട്ടത്തിൽ ഏറെ നിർണായകം.

കൊറോണ കാരണമുള്ള കടബാധ്യതയിൽപ്പെടുന്ന കമ്പനികൾ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ല. പുതിയ ഇൻസോൾവൻസി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വർഷത്തേക്കാണ് ആനുകൂല്യം.

പൊതുമേഖല മേഖലകൾക്കായി പ്രത്യേക നയം ആവശ്യമാണ്. നിലവിൽ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നത്. പക്ഷേ പുതിയ ഒരു നയം വേണം. തന്ത്രപ്രധാനമായ മേഖല, മറ്റുള്ളവ എന്നിങ്ങനെ പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കും. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്യും. ആ മേഖലയിൽ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇടപെടൽ സാധ്യമാക്കുന്ന നയത്തിനാണു വഴി തുറക്കുന്നത്.