സാമ്പത്തിക നഷ്ടം; വിമാന യാത്ര നിരക്ക് കൂട്ടാൻ കമ്പനികൾ

എറണാകുളം : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വിമാന യാത്ര നിരക്ക് ഉയർത്താനൊരുങ്ങി വിമാന കമ്പനിക്കാർ. കൂടാതെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് നടത്തുമ്പോൾ വലിയ സാമ്പത്തിക നഷ്ടമാണ് വിമാന കമ്പനിക്കാർ നേരിടേണ്ടി വരുന്നത്.

സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാനായി യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കേണ്ടിവരുമെന്നതിനാലാണ് നിരക്ക് കൂട്ടാനുള്ള ആലോചന നടക്കുന്നത്.

കൊറോണ നിയന്ത്രണമനുസരിച്ച് വിമാനത്തിലെ മൂന്നുസീറ്റുകളുള്ള ഒരു നിരയിൽ ഒരാളെ മാത്രമേ ഇരുത്താൻ കഴിയൂ എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) നിർദേശം.
വിമാനക്കമ്പനികൾ പലതും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് നിയന്ത്രനങ്ങളോട് കൂടി സർവീസ് നടത്താൻ ഇവർ തയാറല്ല. അതേസമയം കേന്ദ്രസർക്കാർ ഇടപെട്ട് നിരക്കുവർധന ഒഴിവാക്കിയില്ലെങ്കിൽ ഓരോ പ്രവാസികളും ഇരട്ടി തുകയാകും തിരിച്ചു നാട്ടിലേക്ക് എത്താൻ നൽകേണ്ടി വരുന്നത്. ദിവസം 17 മണിക്കൂറെങ്കിലും സാധാരണ നിലയിൽ സർവീസ് നടത്തിയാലേ ഒരു വിമാനം ലാഭത്തിലാകൂ എന്ന് കമ്പനിക്കാർ പറയുന്നു.