ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്ക് സംരക്ഷണം നല്കി സുപ്രീംകോടതി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന കേസിനെ തുടർന്നാണ് നടപടി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്നാണ് മൂന്ന് ആഴ്ചത്തേയ്ക്ക് അര്‍ണാബിന് സംരക്ഷണം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് അര്‍ണാബ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസയച്ചു. അതേസമയം നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്തതും മുംബൈയിലേക്ക് മാറ്റിയതുമായ കേസില്‍ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ടി വി ചർച്ചയിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പരാതികളാണ് അര്‍ണാബിനെതിരെ നല്‍കിയിട്ടുള്ളത്.
പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അര്‍ണാബ് വിമർശനം ഉന്നയിച്ചിരുന്നു. ”ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലീം മതപ്രബോധകരോ ക്രിസ്ത്യന്‍ വിശുദ്ധരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ ഗാന്ധി മിണ്ടാതിരുക്കോ,” എന്നാണ് ഗോസ്വാമി തന്റെ പരിപാടിയില്‍ പറഞ്ഞത്.
ഈ പ്രസ്താവനയാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണാബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
ഇതെ തുടർന്ന് പല കോൺഗ്രസ് നേതാക്കളും അര്‍ണാബിനെതിരേ
ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകൾ ചേർത്ത് പല പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.