സാമൂഹ്യ അകലം പാലിച്ച് മദ്യവില്പനക്ക് അനുമതി നൽകണമെന്ന് മദ്യ നിർമ്മാതാക്കൾ

ന്യൂഡെൽഹി : സാമൂഹ്യ അകലം പാലിച്ച് മദ്യവില്പനക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു
മദ്യനിർമാതാക്കളുടെ സംഘടന സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതി. കൊറോണ വൈറസ് ബാധ ഇല്ലാത്ത സ്ഥലങ്ങളിൽ മദ്യ വില്പന പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപെടുന്നു.

മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ അനുമതി നൽകുന്നതിന് കേന്ദ്രസർക്കാരിൽ സമ്മദർദ്ദം ചെലുത്താൻ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ആൽകഹോളിക് ബിവറേജ് കമ്പനീസ് (സിഐഎബിസി) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിടതിനാൽ കമ്പനികൾ വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണെന്ന് കത്തിൽ പറയുന്നു.

രാജ്യവ്യാപകമായ എല്ലാ മദ്യശാലകളും ഒരുമിച്ചു അടച്ചതിനെ തുടർന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് സിഐഎബിസി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും മദ്യവിൽപനശാലകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാരുകൾ അനുമതി നൽകണമെന്നും ഓൺലൈൻ ആയുള്ള മദ്യവിൽപന അനുവദിക്കണെന്നും ഇവർ ആവശ്യപ്പെട്ടു.