തിരുവനന്തപുരം: കൊറോണ മൂലം സംസ്ഥാനത്തുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ സമ്പദ് വ്യവസ്ഥ സാരമായ വളര്‍ച്ചാമാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കൊറോണ തുടങ്ങിയത്. എട്ട്, ഒന്‍പത് ശതമാനം വളര്‍ച്ചയുണ്ടായിരുന്ന രാജ്യത്തെ സമ്പദ് ഘടന അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് ഈ മഹാമാരി പ്രത്യക്ഷപ്പെട്ടത്. ഈ സാചര്യത്തില്‍ കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശക്തമാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത് പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരോഗ്യ ഭക്ഷ്യസുരക്ഷാ മേഖലകളില്‍ സര്‍ക്കാരിന്‍റെ പ്രതിഞ്ജാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവില്ല, അത് തുടരും. കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കിയിട്ടില്ല. ഇതിനായാണ് സമിതി രൂപീകരിക്കുന്നതെന്ന് പിണറായി വ്യക്തമാക്കി.