കണ്ണൂര്‍: അവധിക്ക് അനുവാദം കാത്തിരിക്കാതെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് കടന്ന കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) കെ. ശ്രീനിവാസിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ. വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് മന്ത്രി കെ.രാജുവിന് കൈമാറി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്നും ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.രാജു അറിയിച്ചു.
ശ്രീനിവാസ് ഏപ്രിൽ നാലിനാണ് വിലക്ക് ലംഘിച്ച് തെലങ്കാനയിലേക്ക് പോയത്.
മേലധികാരികളുടെ അനുമതിയില്ലാതെയാണ് കുടുംബസമേതം കാറില്‍ തെലങ്കാനയിലേക്ക് പോയത്. സ്വാധീനം ചെലുത്തി വയനാട് കടന്നാണ് തെലുങ്കാനയ്ക്ക് പോയത്. ഇദ്ദേഹം കൊറോണ വ്യാപനത്തിന് മുമ്പേ അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല
കണ്ണൂരില്‍ കണ്ണവം, കൊട്ടിയൂര്‍ റെയിഞ്ചുകളിലായി നാല്‍പതിലേറെ ആദിവാസി ഊരുകള്‍ ഉണ്ട് . ഇവിടെ ഭക്ഷണമെത്തിക്കേണ്ടതിന്റെയും കൊറോണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും ചുമതലയുള്ള ഐഫ്എഫ്എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.
നേരത്തേ കൊല്ലം സബ് കളക്ടറെ ക്വാറൻറയിനിൽ കഴിയവെ രഹസ്യമായി നാട്ടിലേക്ക് പോയതിന് സസ്പെൻഡ് ചെയ്തിരുന്നു.