സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം: നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും; തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനവും നിര്‍ബന്ധിതമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച്‌ ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകുമെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണന. ഇന്ത്യയിൽ പല…

Posted by Dr.T.M Thomas Isaac on Thursday, April 2, 2020

മാര്‍ച്ച്‌ മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഐസക് പറഞ്ഞു.