കൊച്ചി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ്സിന്റെ ബോഗികൾ കുമ്പളത്തെ റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കി. രോഗബാധിതരുൾപ്പെടെയുള്ളവർ സഞ്ചരിച്ച ബോഗികളാണിതെന്ന് സംശയമാണ് ആശങ്കയുണ്ടാക്കുന്നത്.
ട്രെയിനുകൾക്ക് ട്രാക്ക് ചെയ്ഞ്ചിങ് സൗകര്യമുള്ള കുമ്പളത്ത് മൂന്ന് ട്രാക്കുകളാണുള്ളത്. ഇതിൽ നടുവിലത്തെ ട്രാക്കിലായി റെയിൽവേസ്റ്റേഷനോട് അടുത്തായുള്ള ഭാഗത്താണ് ബോഗികൾ ഇട്ടിരിക്കുന്നത്. ആറ് ദിവസമായി ഈ ബോഗികൾ ഇവിടെ പാർക്ക് ചെയ്തിട്ട്. എന്നാൽ, അണുവിമുക്തമാക്കിയ ശേഷമാണ് ബോഗികൾ കുമ്പളത്ത് എത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.
വിഷയം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മൂന്ന് പോലീസുകാരെ കുമ്പളം െറയിൽവേ സ്റ്റേഷനിൽ നിയോഗിച്ചിട്ടുമുണ്ട്.
അപ്രോച്ച് റോഡും മറ്റ് യാത്രാസൗകര്യങ്ങളും ഇല്ലാത്തതിനാൽ ഈ ബോഗികൾക്കടിയിലൂടെയാണ് സമീപവാസികൾ മറുവശത്തേക്ക് കടക്കുന്നത്.ഇത് ‘ശ്രദ്ധയിൽപ്പെട്ടാൽ’ ഡ്യൂട്ടിയിലുള്ള പോലീസുകാരെത്തി ട്രെയിനിൽ തൊടാതെ സഞ്ചരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെയാണ് നാട്ടുകാർ ട്രെയിൻ ബോഗികൾ ശ്രദ്ധിച്ചതും അപകടം മണത്തതും.