കാസർകോട്: കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍(49) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ഹ്യദ്രോഗ ചികിത്സ നടത്തി വരികയായിരുന്നു ഇദ്ദേഹം. കർണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോട് ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. അതിനിടെ കാസർകോട് നിന്ന് കർണാടകത്തിലേക്കുള്ള റോഡ് തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ നിന്ന് വേഗത്തിൽ മംഗളൂരുവിൽ എത്താമെന്നതിനാലാണ് രോഗികൾ ഏറെയും ചികിൽസയ്ക്ക് ഇവിടുത്തെ ആശുപത്രികളെ ആശ്രയിച്ചിരുന്നത്.
മംഗളൂരുവിൽ ചികിത്സ തേടാന്‍ കഴിയാതെ ഇന്നലെയും രണ്ടു പേര്‍ കാസര്‍കോട് മരിച്ചിരുന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു പേർ കൂടി മരിച്ചിരുന്നു.
അതേ സമയം കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ കേരള ഹൈക്കോടതിയെ അറിയിച്ചു.