ടോക്യോ: കൊറോണ ഭീതിയിൽ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന് അവസാനം തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് തിരിതെളിയും. ഓഗസ്റ്റ് എട്ടിന് പരിസമാപ്തി. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന പേരിലാകും അറിയപ്പെടുക.
ടോക്യോ പാരാലിംപിക്സിന്റെ തീയതിയും പ്രഖ്യാപിച്ചു. ഈ വർഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്സ് അടുത്ത വർഷം 24 മുതൽ സെപ്റ്റംബർ അഞ്ചു വരെ നടക്കും. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു.
ഒളിംപിക്സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നാം ലോക മഹായുദ്ധം കാരണം 1916ലും രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1940, 1944 വർഷങ്ങളിലും ഒളിംപിക്സ് റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം അതിന്റെ മൂർധന്യത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ നേരത്തേ നിശ്ചയിച്ച തിയതിയിൽ ഒളിംപിക്സ് നടക്കില്ലെന്ന് ഉറപ്പായിരുന്നു. ഒളിമ്പിക്സ് ഈ വർഷം നടത്തിയാൽ പിൻമാറുമെന്ന് കാനഡയും ഓസ്ട്രേലിയയും ന്യൂസിലാൻഡും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.നാലരമാസംകൂടി ബാക്കിയുള്ളതിനാൽ ഒളിംപിക്സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടന്നായിരുന്നു ഐഒസിയും ജപ്പാനും നേരത്തെ എടുത്തിരുന്ന നിലപാട്. അവസാനം എല്ലാവർക്കും സ്വീകാര്യമായ തിയതി കണ്ടെത്തി ഒളിസിക്സ് അസോസിയേഷൻ.